ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

സാമൂഹിക-സാംസ്കാരിക ചരിത്രം
കുളത്തൂപ്പുഴ മലനിരകളില്‍ നിന്നുത്ഭവിച്ച് പുനലൂര്‍ , പത്തനാപുരം, കുന്നത്തൂര്‍ വഴി കല്ലടയെ സ്പര്‍ശിച്ചാണ് കല്ലടയാര്‍ അഷ്ടമുടിക്കായലില്‍ പതിക്കുന്നത്. കല്ലടയാറിന് 120 കി. മീറ്റര്‍ നീളമുണ്ട്. കല്ലുകള്‍ നിറഞ്ഞ കുന്നുകള്‍ക്കുള്ളിലാണ് ഈ പ്രദേശം. കൊടുവിള, കൈതക്കോട്ട്, പവിത്രേശ്വരം, ഉപരികുന്ന്, കോട്ടമുകള്‍ , കണത്താര്‍കുന്നം എന്നീ കല്‍പ്രദേശങ്ങളുടെ ഇടയില്‍ കിടക്കുന്ന സ്ഥലത്തിന് കല്ലിട എന്ന പേരുണ്ടായതായി പറയപ്പെടുന്നു. കാലാന്തരത്തില്‍ കല്ലിട കല്ലടയായി. കുളത്തൂപ്പുഴയാറ് എന്നു ആദ്യകാലത്ത് പറഞ്ഞുവന്നിരുന്ന ഈ ആറ് നിരന്നൊഴുകിയിരുന്നതായും ശാസ്താംകോട്ട കായല്‍ ഈ പ്രദേശവുമായി ബന്ധപ്പെട്ടു കിടന്നിരുന്നതായും അക്കാലത്ത് പെരുമണ്‍ മുതല്‍ കണത്താര്‍കുന്നം വരെ കടത്തുണ്ടായിരുന്നതായും പറയുന്നുണ്ട്. വ്യാപാരികള്‍ പാക്കപ്പലില്‍ വന്ന് നങ്കുരമിട്ടിരുന്ന സ്ഥലമാണ് കടക്കപ്പല്‍ കുഴി (കടപ്പാക്കുഴി). ജലാശയത്തിനു നടുക്കുള്ള കൊടുംതുരുത്തും ഈ പ്രദേശത്തായിരുന്നു. കുളത്തൂപ്പുഴ ആറ് നിരന്നാഴുകി, കാലാന്തരത്തില്‍ നികന്നുവന്ന സ്ഥലമായിരിക്കണം ഈ പ്രദേശം. ഈ പ്രദേശം അന്ന് മുതലകളുടെ വിഹാരരംഗമായിരുന്നു. ശാസ്താംകോട്ട കായലും, ചീങ്കണ്ണിക്കുഴിയുമൊക്കെ മുതലത്താവളങ്ങളായിരുന്നു. കല്ലടയാറാണ് കല്ലടയെ രണ്ടായി വിഭജിച്ചത്. അങ്ങനെയാകണം കിഴക്കേകല്ലടയും, പടിഞ്ഞാറെ കല്ലടയും രൂപപ്പെട്ടത്. കല്ലടയ്ക്ക് 16 കരകളാണ് വിഭജനത്തിനു മുന്‍പുണ്ടായിരുന്നത്. പതിനാറുകരകളും, കരനാഥന്‍മാരും, പ്രജകളും കോയിത്തമ്പുരാന്‍ എന്ന നാടുവാഴിയുടെ കീഴില്‍ കഴിഞ്ഞു പോന്നതായും അവരുടെ താവഴിയില്‍പ്പെട്ട രണ്ടു റാണിമാര്‍ കിഴക്കും, പടിഞ്ഞാറുമായും ഭരിച്ചിരുന്നതായും പഴമക്കാര്‍ പറയുന്നു. കിഴക്ക് മതിലകത്ത് റാണിയും പടിഞ്ഞാറ് ശ്രാവണിത്തമ്പുരാട്ടിയുമായിരുന്നു റാണിമാര്‍. അന്നത്തെ ശ്രാവണിപുരമാണ് ഇന്നത്തെ ആവണിപുരം. നാടിന്റെയും, നാട്ടാരുടേയും സംരക്ഷണത്തിനായി നാടുവാഴിയുടെ കാലത്തുണ്ടായിരുന്ന രണ്ടു കോട്ടകളാണ് പടിഞ്ഞാറ് കോട്ടക്കുഴിയും കിഴക്ക് കോട്ടവാതിലും. 16 കരക്കാരുടെ ആരാധനാലയം ആയിരുന്നു ചിറ്റുമല ദേവീക്ഷേത്രം. പതിനാറു കരക്കാര്‍ ചേര്‍ന്ന് പതിനാറ് എടുപ്പുകുതിരകളെ കെട്ടി ചിറ്റുമല ക്ഷേത്രത്തില്‍ ഉത്സവം നടത്തിപ്പോന്നു. മതസൌഹാര്‍ദ്ദം വിളിച്ചറിയിക്കുന്ന ഒരു ആരാധനാലയമാണ് 800 വര്‍ഷത്തോളം പഴക്കമുള്ള കടപുഴ വലിയപള്ളി. അന്ന് അധികാരി എന്ന പേരോടുകൂടിയ ഒരു ഉദ്യോഗസ്ഥനാണ് നാടുവാഴിത്തമ്പുരാന്റെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് ഭരണച്ചുമതല നിര്‍വ്വഹിച്ചിരുന്നത്. വസ്തുവില്‍ സ്ഥാപിച്ച കൈവശ കൃഷിക്കാരില്‍ നിന്നും നികുതിയായി ഈടാക്കുന്നത് നെല്ലായിരുന്നു. കാര്‍ഷിക വിളകള്‍ സമൃദ്ധിയായി വിളഞ്ഞിരുന്ന നാടായിരുന്നു പടിഞ്ഞാറേ കല്ലട. കേണല്‍ ജോണ്‍ മണ്‍ട്രോ എന്ന സായിപ്പിന് സര്‍ക്കാര്‍ കരമൊഴിവായി കൊടുത്തിരുന്ന കല്ലടയുടെ തെക്കുപടിഞ്ഞാറു ഭാഗം, തുരുത്തില്‍ താമസിച്ചുകൊണ്ട് ആറിന്റെ ഇരുകരകളിലും സായിപ്പ് ബണ്ട് നിര്‍മ്മിച്ച് മലവെള്ളം തുരുത്തിലേക്ക് തിരിച്ചുവിട്ട് ഫലഭൂയിഷ്ഠമാക്കിയെടുത്ത സ്ഥലമാണ് മണ്‍ട്രോതുരുത്ത്. കല്ലടയാറുവഴി എത്തുന്ന മലവെള്ളം പടിഞ്ഞാറെ കല്ലടയില്‍ കൂടി ഒഴുക്കാനും എല്ലാ നിലങ്ങള്‍ക്കും പ്രയോജനപ്പെടുത്താനും കഴിയുന്ന ഒരു സ്കീം വെസ്റ്റ് കല്ലട സ്കീംഎന്ന പേരില്‍ 1950-51 ല്‍ കൃഷിമന്ത്രിയായിരുന്ന ഇക്കണ്ടവാര്യരുടെ കാലത്ത് തയ്യാറാക്കിയിരുന്നു. തിരു-കൊച്ചിയിലേയും തുടര്‍ന്നു കേരളത്തിലേയും രാഷ്ട്രീയ നേതാക്കന്‍മാരില്‍ ഏറ്റവും ശക്തനായ നേതാവായിരുന്നു കുമ്പളത്തു ശങ്കുപിള്ള. 1953-ലാണ് ആദ്യത്തെ തെരഞ്ഞെടുത്ത പഞ്ചായത്ത് കമ്മിറ്റി ഉണ്ടാകുന്നത്. അന്ന് ഈ വില്ലേജില്‍ ആറു കരകളാണ് ഉണ്ടായിരുന്നത്. കോതേയ എന്ന നാമധേയത്തില്‍ കോതപുരം, കണ്ടത്താര്‍ (ഗ്രാമകാര്യ വ്യവസ്ഥാപിതം) എന്ന പേരില്‍ കണ്ടത്താര്‍കുന്നവും വലിയപാടങ്ങളാല്‍ വിശാലമായ വലിയപാടവും, കോയിക്കല്‍ ഭാഗവും, നടുഭാഗത്തെ കരയായ നടുവിലക്കരയും, ആറ്റിലേക്കു വെള്ളം ഒഴുക്കുന്ന അഞ്ചു തോടുകളുടേയും വായ് എന്ന പേരില്‍ അയിതതോട്ടുവയും ആയിരുന്നു ഈ ആറുകരകള്‍. ആദ്യത്തെ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വലിയപാടം കര രണ്ടായി വിഭജിച്ച് പകുതിഭാഗം പടിഞ്ഞാറ് കണത്താര്‍കുന്നം വാര്‍ഡിനോടും, കിഴക്കുഭാഗവും കോയിക്കല്‍ ഭാഗത്തിന്റെ വടക്കുഭാഗവും കൂടി ചേര്‍ത്ത് വലിയപാടം വാര്‍ഡ് എന്ന പേരിലും; ഒന്നായിരുന്ന അയിത്തോട്ടുവ കര വിഭജിച്ച് അയിത്തോട്ടുവ വടക്ക്, അയിത്തോട്ടുവ തെക്ക് എന്നീ വാര്‍ഡുകളുമാക്കിയാണ് തെരഞ്ഞെടുപ്പു നടന്നത്. കൊല്ലം-എറണാകുളം റെയില്‍വേ പാത ഈ പഞ്ചായത്തില്‍ കൂടി കടന്നുപോകുന്നു. തിരുവിതാംകൂറിലെ അറിയപ്പെടുന്ന ഒരു ഹാസ്യകലാകാരനായിരുന്നു ഇന്നാട്ടിലെ ആലപ്പുറത്തു പപ്പുപിളള. കുഞ്ഞുകുഞ്ഞു ഭാഗവതര്‍ , അഗസ്റ്റിന്‍ ജോസഫ്, വൈക്കം വാസുദേവന്‍നായര്‍ തുടങ്ങിയവരുടെ നാടക കമ്പനികളുമായി ബന്ധപ്പെട്ട് അഭിനയിച്ചിട്ടുള്ള ആളാണ് പപ്പുപിള്ള. സംഗീതത്തില്‍ അയിത്തോട്ടുവ വിജയ ഭവനത്ത് വേലുഭാഗവതരും, മൃദംഗ വായനയില്‍ കൊച്ചുകുന്നിന്‍പുറത്ത് നാണുക്കുട്ടനാശ്ശാനും പഞ്ചായത്തില്‍ നിന്നുള്ള പ്രതിഭകളായിരുന്നു.