ഭൂമിശാസ്ത്രം
🗺️ ഭൂമിശാസ്ത്രം
പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത്
സ്ഥാനവും അതിരുകളും
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ളോക്കിൽ ഉൾപ്പെടുന്ന ഏഴ് പഞ്ചായത്തുകളിൽ ഒന്നാണ് പടിഞ്ഞാറേ കല്ലട പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്ക് ശാസ്താംകോട്ട പഞ്ചായത്തും, കിഴക്ക് ശാസ്താംകോട്ട, കിഴക്കേ കല്ലട പഞ്ചായത്തും, തെക്ക് മൺറോതുരുത്ത് പഞ്ചായത്തും, പടിഞ്ഞാറ് തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന് 13.36 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണുള്ളത്. പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നത് നാലാം വാർഡിലുള്ള വലിയപാടം എന്ന സ്ഥലത്താണ്.
ഭൂപ്രകൃതിയും കാലാവസ്ഥയും
പഞ്ചായത്തിലെ മൊത്ത ഭൂരൂപങ്ങളിൽ 70 ശതമാനവും താഴ്വരയിലാണ് ഉൾപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും മുപ്പതു മീറ്ററോളം ഉയരമുള്ള ഈ പഞ്ചായത്തിന്റെ പടിഞ്ഞാറ്, വടക്ക്, കിഴക്ക് ഭാഗങ്ങൾ ഉയർന്ന സമതലവും ചരിവു ഭൂമികളുമാണ്. തെക്കൻ ഇടനാട് കാർഷിക മേഖലയിലാണ് പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഉൾപ്പെടുന്നത്. പഞ്ചായത്തിനെ ചുറ്റിക്കിടക്കുന്ന കല്ലടയാറ്, ശാസ്താംകോട്ട കായൽ, അഷ്ടമുടിക്കായൽ എന്നിവ ഈ പ്രദേശത്തിന്റെ കാലാവസ്ഥയിൽ ഗണ്യമായ സ്വാധീനം ചെലുത്തുകയും സമശീതോഷ്ണ സ്ഥിതി നിലനിർത്തുകയും ചെയ്യുന്നു.
ജലാശയങ്ങൾ
പഞ്ചായത്തിന്റെ കൂടുതൽ ഭാഗവും ജലസ്രോതസ്സുകളാൽ ചുറ്റപ്പെട്ടവയാണ്. വടക്ക് ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലും, തെക്കുകിഴക്ക് ആറു കിലോമീറ്റർ നീളത്തിൽ കല്ലടയാറും, പടിഞ്ഞാറ് അഷ്ടമുടിക്കായലിന്റെ ഭാഗമായ പട്ടടവ് കായലും സ്ഥിതി ചെയ്യുന്നു. ഇത് കൂടാതെ ചെമ്പിൽ കായൽ, ചെമ്പ് കായൽ, അകത്ത് കാൽ, വട്ടചിറ എന്നിവയും പഞ്ചായത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രധാന ജലാശയങ്ങളാണ്. പരസ്പരം ബന്ധപ്പെട്ട പ്രകൃതിദത്തമായ തോടുകളും, മനുഷ്യനിർമ്മിതമായ തോടുകളും, കുളങ്ങളും ഉപരിതല ജലസ്രോതസ്സുകളായുണ്ട് — ശാസ്താംകോട്ട കായലിൽ നിന്നും ആരംഭിച്ച് കല്ലടയാറ്റിൽ അവസാനിക്കുന്ന നാട്ടുവാതിൽ, വളഞ്ഞവരമ്പ് തോടുകളും, ശാസ്താംകോട്ട കായലിൽ നിന്നും ആരംഭിച്ച് കല്ലടയാറ്റിൽ ചേരുന്ന ചെറിയാറും ഇതിൽ പ്രധാനപ്പെട്ടവയാണ്.
മണ്ണ്
കല്ലടയാറിന്റെ പ്രളയതലത്തിൽ വരുന്ന പഞ്ചായത്തായതിനാൽ കൂടുതൽ പ്രദേശവും അതു നിക്ഷേപിച്ചിട്ടുള്ള എക്കൽമണ്ണാണ് കൂടുതൽ കാണപ്പെടുന്നത്. ഇത് കൂടാതെ ചെങ്കൽമണ്ണും (ലാറ്ററൈറ്റ് മണ്ണ്) കാണപ്പെടുന്നു.