ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ട ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ആറ് പഞ്ചായത്തുകളില്‍ ഒന്നാണ്  പടിഞ്ഞാറേ കല്ലട പഞ്ചായത്ത്. ഈ പഞ്ചായത്തിന്റെ വടക്ക് ശാസ്താംകോട്ട പഞ്ചായത്തും, കിഴക്ക് ശാസ്താംകോട്ട കിഴക്കേ കല്ലട പഞ്ചായത്തും, തെക്ക് മണ്‍റോതുരുത്ത് പഞ്ചായത്തും, പടിഞ്ഞാറ് തേവലക്കര, മൈനാഗപ്പള്ളി പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. ഈ പഞ്ചായത്തിന് 13.36 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമാണുള്ളത്. പഞ്ചായത്താഫീസ് സ്ഥിതി ചെയ്യുന്നത് നാലാം വാര്‍ഡിലുള്ള വലിയപാടം എന്ന സ്ഥലത്താണ്. പഞ്ചായത്തിലെ മൊത്ത ഭൂരൂപങ്ങളില്‍ 70 ശതമാനവും താഴ്വരയിലാണ് ഉള്‍പ്പെടുന്നത്. സമുദ്ര നിരപ്പില്‍ നിന്നും മുപ്പതു മീറ്ററോളം ഉയരമുള്ള ഈ പഞ്ചായത്തിന്റെ പടിഞ്ഞാറ്, വടക്ക്, കിഴക്ക് ഭാഗങ്ങള്‍ ഉയര്‍ന്ന സമതലവും ചരിവു ഭൂമികളുമാണ്. തെക്കന്‍ ഇടനാട് കാര്‍ഷിക മേഖലയിലാണ് പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ഉള്‍പ്പെടുന്നത്. പടിഞ്ഞാറേ കല്ലട പഞ്ചായത്തിനെ ചുറ്റിക്കിടക്കുന്ന കല്ലടയാറ്, ശാസ്താംകോട്ട കായല്‍ , അഷ്ടമുടിക്കായല്‍ എന്നിവ ഈ പ്രദേശത്തിന്റെ കാലാവസ്ഥയില്‍ ഗണ്യമായ സ്വാധീനം ചെലുത്തുകയും ഈ പ്രദേശത്തിന്റെ സമശീതോഷ്ണ സ്ഥിതി നിലനിര്‍ത്തുകയും ചെയ്യുന്നു. പഞ്ചായത്തിന്റെ കൂടുതല്‍ ഭാഗവും ജലസ്രോതസ്സുകളാല്‍ ചുറ്റപ്പെട്ടവയാണ്. വടക്ക് ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലും, തെക്കുകിഴക്ക് ആറു കിലോമീറ്റര്‍ നീളത്തില്‍ കല്ലടയാര്‍ , പടിഞ്ഞാറ് അഷ്ടമുടിക്കായലിന്റെ ഭാഗമായ പട്ടടവ് കായല്‍ എന്നിവ സ്ഥിതി ചെയ്യുന്നു. ഇത് കൂടാതെ ചെമ്പില്‍ കായല്‍ , ചെമ്പ് കായല്‍ , അകത്ത് കാല്‍ , വട്ടചിറ എന്നിവയും പഞ്ചായത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ജലാശയങ്ങളാണ്. പരസ്പരം ബന്ധപ്പെട്ട പ്രകൃതിദത്തമായ തോടുകളും, മനുഷ്യ നിര്‍മ്മിതമായ തോടുകളും, കുളങ്ങളും ഈ പഞ്ചായത്തിലെ ഉപരിതല ജലസ്രോതസ്സുകളായുണ്ട്. ശാസ്താംകോട്ട കായലില്‍ നിന്നും ആരംഭിച്ച് കല്ലടയാറ്റില്‍ അവസാനിക്കുന്ന നാട്ടുവാതില്‍ , വളഞ്ഞവരമ്പ് തോടുകളാണ് ഇതില്‍ പ്രധാനപ്പെട്ടത്. ചെറിയാറ് ശാസ്താംകോട്ട കായലില്‍ നിന്നും ആരംഭിച്ച് കല്ലടയാറ്റില്‍ ചേരുന്നു. കല്ലടയാറിന്റെ പ്രളയതലത്തില്‍ വരുന്ന പഞ്ചായത്തായതിനാല്‍ കൂടുതല്‍ പ്രദേശവും അതു നിക്ഷേപിച്ചിട്ടുള്ള എക്കല്‍മണ്ണാണ് കൂടുതല്‍ കാണപ്പെടുന്നത്. ഇത് കൂടാതെ ചെങ്കല്‍മണ്ണും (ലാറ്ററൈറ്റ് മണ്ണ്) കാണപ്പെടുന്നു.